ഫൈബ്രോയ്‌ഡ്‌

Posted On April 6, 2018


ഫൈബ്രോയ്‌ഡ്‌

ഫൈബ്രോയ്ഡ് മുഴകൾ

Dr.Shobhana Mohandas. MD.DGO.FICOG.

Sun Medical Centre, Thrissur, Kerala

ഫൈബ്രോയ്ഡ്  എന്നാൽ എന്താണ്?

ഗർഭപാത്രത്തിൽ സുലഭാമായും ചിലപ്പോൾ മറ്റു അവയവങ്ങളിളും കാണപ്പെടുന്ന മുഴകളാണ്  ഫൈബ്രോയ്ഡ് മുഴകൾ .  ഇവ കാൻസറല്ല.  ഫൈബ്രോയ്ഡ് ഉള്ളത് കൊണ്ട് മാത്രം ജീവന് അപകടമില്ല.   സ്കാൻ ചെയ്താൽ 40% സ്ത്രീകളിലും ഫൈബ്രോയ്ഡ് ഉള്ളതായി കണ്ടേക്കാം.

ചകിരി പോലുള്ള ചില വെള്ള ഞരമ്പുകളും മാംസകോശങ്ങളും അടങ്ങിയ ഒരു തരം മുഴകളാണ് ഫൈബ്രോയ്ഡ്കൾ.  ഈസ്ട്രോജന് എന്ന ഹോർമോണിന്റെ അളവ് കൂടുമ്പോഴാണ് ഇവ രൂപപ്പെടാറു.   സ്ത്രീകൾക്ക് പ്രത്യുല്പാദനം നടക്കാൻ ശേഷിയുള്ള പ്രായത്തിലാണ് സാധാരണ  ഇവ രൂപപ്പെടുകയും വളരുകയും ചെയ്യാറ്.   ആർത്തവവിരാമത്തിനു ശേഷം ഇവ ചെറുതാകുകാറുണ്ട്.  ദുര്ലഭമായി ആർത്തവവിരാമത്തിനു ശേഷവും ഇവ വലുതായേക്കാം  .

വളരെ ദുര്ലഭമായി കാണുന്ന ഫൈബ്രോസർക്കോമ എന്ന മുഴ അപകടകാരിയാണ്.  ഇത് വളരെ വേഗം വളരുകയും ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.

 

ഫൈബ്രോയ്ഡ്മു ഴകൾ മൂലം എന്ത് ലക്ഷണങ്ങളാണ് കാണാറ്?

ഫൈബ്രോയ്ഡ് മുഴകൾ പലരിലും യാതൊരു ലക്ഷണങ്ങളും ഇല്ലാതെ കണ്ടേക്കാം.  ഗർഭപാത്രത്തിന്റെ പുറം വശത്തേക്ക് തള്ളി നിൽക്കുന്ന മുഴകൾ ചിലപ്പോൾ വളരെ വലിയ വലിപ്പം വെക്കുമ്പോൾ വയറിൽ തൊട്ടു നോക്കുമ്പോൾ ഒരു മുഴ ഉള്ളതായി തോന്നിയേക്കാം.

ഗർഭ പാത്രത്തിൻറെ ഉള്ളിലേക്ക് തള്ളി നിൽക്കുന്ന മുഴകൾ അധികം വലിപ്പം വെക്കുന്നതിനു മുമ്പ് തന്നെ അമിതമായ നക്തസ്രാവം ഉണ്ടാക്കിയേക്കാം.  ചിലപ്പോൾ ഫൈബ്രോയ്ഡ് മൂലം ആർത്തവസമയത്തു  അതികഠിനമായ വേദന ഉണ്ടായേക്കാം.  പുറം വേദന, ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക, എന്നിവയും ഫൈബ്രോയ്ഡ് ന്റെ ലക്ഷണങ്ങളാണ്.

 

ഫൈബ്രോയ്ഡ് ഉണ്ട് എന്ന് എങ്ങിനെ നിര്ണയിക്കാം?

ഫൈബ്രോയ്ഡ്ന്റെ  ലക്ഷണങ്ങൾ പറയുമ്പോൾ രോഗിയെ ഡോക്ടർ പരിശോധിച്ചാൽ ഫൈബ്രോയ്ഡ് ഉണ്ട് എന്നതിന്റെ സൂചന ലഭിച്ചേക്കാം.  Ultrasound scanning ചെയ്താൽ മുഴകൾ ഉണ്ടോ എന്നും അത് എവിടെയാണെന്നും കാണാൻ പറ്റും .  ചില രോഗികളുടെ  ഗർഭപാത്രത്തിന്റെ ഉള്ളിലേക്ക് നിൽക്കുന്ന ചെറിയ മുഴകൾ കാണാൻ ചിലപ്പോൾ Saline sonography ചെയ്യേണ്ടി വന്നേക്കാം.  ദുര്ലഭം ചില രോഗികൾക്ക് രോഗനിർണയത്തിന് MRI സ്കാൻ ഉപകരിച്ചേക്കാം.

 

ഫൈബ്രോയ്ഡ് ഉണ്ടാകുന്നതു എന്ത് കൊണ്ടാണ്?

 

ഫൈബ്രോയ്ഡ് ഉണ്ടാകുന്നതു ഈസ്ട്രജൻ എന്ന ഹോർമോൺ അധികമാവുമ്പോഴാണ് എന്നത് വ്യക്തമാണ്.  എന്നാൽ കൃത്യമായി എന്ത് കാരണം കൊണ്ടാണ് ഫൈബ്രോയ്ഡ് ഉത്ഭവിക്കുന്നത് എന്ന് വ്യക്‌തമല്ല.  ഗര്ഭസമയത്തു ഈസ്ട്രജന്റെ അളവ് കൂടുമ്പോൾ  ഫൈബ്രോയ്ഡ് മുഴകളും വലിപ്പം കൂടുകയും ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ്  കുറയുമ്പോൾ ഫൈബ്രോയ്ഡ്ന്റെ  വലിപ്പം കുറയുന്നതും ഈസ്ട്രജന്റെ പങ്കിന്റെ തെളിവുകളാണ്.

ഫൈബ്രോയ്ഡ് പാരമ്പര്യമായിയും ചില കുടുംബങ്ങളിൽ കാണപ്പെടാറുണ്ട്.  അതായതു ഫൈബ്രോയ്ഡ് ഉള്ള രോഗികളുടെ രക്തബന്ധത്തിലുള്ള  സ്ത്രീകൾക്കും ഇത് ഉണ്ടായിട്ടുള്ളതായി കണ്ടിട്ടുണ്ട്.

 

 

 ആർക്കാണ് ഫൈബ്രോയ്ഡ് ഉണ്ടാകാൻ കൂടുതൽ സാധ്യത?

 

അധികം പ്രസവിക്കാത്ത സ്ത്രീകൾക്ക് ഫൈബ്രോയ്ഡ് മുഴകളുണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട്.

പച്ചക്കറികൾ മാത്രം കഴിക്കുന്നവർക്ക് ഫൈബ്രോയ്ഡ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.   മാംസാഹാരം കൂടുതൽ കഴിക്കുന്നവരിൽ ഫൈബ്രോയ്‌ഡിന്റെ സാധ്യത കൂടുതലാണ്.   ചുകന്ന മാംസം  (ബീഫ്, പോർക്ക്, ഇത്യാദി) ആഹാരത്തിൽ കൂടുതലുണ്ടായാൽ ഫൈബ്രോയ്ഡ് ഉണ്ടാകാനുള്ള സാധ്യത കൂടും.

ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാൽ ഫൈബ്രോയ്ഡ് മുഴ വലുതാവാതിരിക്കാനും ഉണ്ടാകാതിരിക്കാനും കൂടുതൽ സാധ്യതയുണ്ട് എന്ന് പല നിഗമനങ്ങളും വന്നു കൊണ്ടേ ഇരിക്കുന്നുണ്ടെങ്കിലും ഈ നിഗമനങ്ങൾക്കു ശാസ്ത്രീയമായ തെളിവുകൾ ഇനിയും വന്നിട്ടില്ല.

 

പച്ചരി ധാരാളം കഴിക്കുക,  പഞ്ചസാര ഉൾപ്പെടുത്തിയുള്ള ഭക്ഷണങ്ങൾ,അമിതമായ കൊഴുപ്പു ഭക്ഷണത്തിൽ ഉൾപെടുത്തുക എന്നീ ശീലങ്ങളും  ഫൈബ്രോയ്ഡ് ഉണ്ടാകാൻ ഉള്ള സാധ്യത കൂട്ടും.

അമിത വണ്ണം ഉള്ള സ്ത്രീകൾക്ക് കൊഴുപ്പിൽ നിന്നും ഈസ്ട്രജൻ എന്ന ഹോർമോൺ ഉണ്ടാകുന്നതിനാൽ ഫൈബ്രോയ്ഡ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.     മാനസിക പിരിമുറുക്കം കൂടുതലുള്ള സ്ത്രീകൾക്കും ഫൈബ്രോയ്ഡ് ഉണ്ടാകാനുള്ള സാധ്യത കൂടും.

ഫൈബ്രോയ്ഡ് ഉള്ള സ്ത്രീകൾ ഗർഭം ധരിച്ചാൽ പ്രശ്നമുണ്ടാകുമോ?

ചെറിയ തും കാര്യമായ ലക്ഷണങ്ങളുണ്ടാക്കാത്തതുമായ ഫൈബ്രോയ്ഡ് മുഴകൾ ഗര്ഭാവസ്ഥയെ കാര്യമായി ബാധിക്കാറില്ല.  എന്നാൽ, ഗർഭസമയത്തു ഗര്ഭാശയത്തിലേക്കു കൂടുതൽ രക്തോട്ടമുണ്ടാകുന്നതിനാലും ഹോർമോണിന്റെ അളവ് കൂടുതലായതിനാലും ഫൈബ്രോയ്‌ഡിന്റെ വലിപ്പം കൂടി വന്നേക്കാം.  ഫൈബ്രോയ്‌ഡിന്റെ വലിപ്പക്കൂടുതൽ വയറിൽ കാണാം തോന്നിക്കുക, വേദന, എന്നീ അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. അപൂർവമായി ഫൈബ്രോയിഡുകളിൽ ജീർണത വന്നേക്കാം. ഫൈബ്രോയ്ഡ് ഉള്ള ഗർഭിണികൾക്ക്‌ മിക്കവാറും ഗര്ഭകാലം മുഴുവൻ വേദന ഉണ്ടായേക്കാം.  ചിലർക്ക് ഈ വേദന കഠിന മുള്ളതായി തോന്നിയാലും മിക്കവാറും മരുന്നുകൾ കൊണ്ട് ഇതിനു ശമനം കിട്ടാവുന്നതാണ്.  ഫൈബ്രോയ്ഡ് മൂലം ചില പ്രശ്നങ്ങളൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിലും മിക്ക രോഗികളും ൯ മാസം മുഴുവൻ പൂർത്തീകരിക്കാറുണ്ട്.

 

ഏതു ഫൈബ്രോയിഡുകൾക്കാണ് ചികിത്സ ആവശ്യം?

ഫൈബ്രോയ്ഡ് മൂലം അമിത രക്തസ്രാവം, വേദന, എന്നിങ്ങിനെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ  ആവശ്യമായി വരും .  എന്നാൽ ഏതെങ്കിലും ആവശ്യത്തിന് സ്കാൻ ചെയ്യുമ്പോൾ ആകസ്മികമായും ഫൈബ്രോയ്ഡ് കണ്ടാൽ അത് ചികിൽസിച്ചു മാറ്റേണ്ടതില്ല .

പലപ്പോഴും ദഹനക്കുറവ് കൊണ്ട് വയറുവേദന ഉണ്ടാകുകയോ ചെറുതായി വയറു വീർക്കുകയോ ചെയ്‌താൽ സ്‌കാനിൽ ചെറിയ ഫൈബ്രോയ്ഡ് മുഴ കണ്ടാൽ  ഭയചകിതരാകുന്ന രോഗികളും ഉണ്ട്.  എന്നാൽ മേല്പറഞ്ഞ ലക്ഷണങ്ങൾ ഫൈബ്രോയ്ഡ് മൂലമല്ലെങ്കിൽ വെറുതെ ഫൈബ്രോയ്ഡ് എടുത്തു കളയാനോ ഗർഭപാത്രം എടുത്തു കളയാനോ തുനിയരുത്.  ലക്ഷണങ്ങൾ ഫൈബ്രോയ്ഡ് മൂലമാണെങ്കിൽ അത് ചികില്സിക്കുന്ന ഡോക്ടർക്ക് കണ്ടു പിടിക്കാൻ  കഴിയും.  അതല്ലെങ്കിൽ ഇത്തരം ഫൈബ്രോയ്‌ഡകളെ വെറുതെ വിടുകയാകും അഭികാമ്യം.

 

ഫൈബ്രോയ്ഡ് മുഴകൾ മരുന്ന് കൊണ്ട് സുഖപ്പെടുത്താൻ കഴിയുമോ?

നിലവിൽ ഫൈബ്രോയ്ഡ് മുഴകളുടെ വലിപ്പം കുറക്കാൻ ചില ഗുളികകളും ഇൻജെക്ഷൻസും ലഭ്യമാണ്.  എന്നാൽ, ഇവയുടെ ഉപയോഗം തുടർന്നു കൊണ്ടിരിക്കുമ്പോഴേ, വലിപ്പം കുറഞ്ഞിരിക്കൂ.  മരുന്ന് നിർത്തിയാൽ, ഏതാനും മാസങ്ങൾ കഴിഞ്ഞാൽ മുഴകൾ പഴയ വലിപ്പത്തിലേക്കു തിരിച്ചു വരും.

വലിപ്പം കുറഞ്ഞില്ലെങ്കിലും അമിത രക്‌തസ്രാവം, വേദന, എന്നീ ലക്ഷണങ്ങള്ക്കു  മരുന്നുകൾ കൊണ്ട് ഒരു പരിധി വരെ ശമനം കിട്ടിയേക്കാം.

 

ആർത്തവവിരാമം ആകാൻ അധികം താമസമില്ലത്ത സ്ത്രീകൾക്ക് ഇത് ഉപകാരപ്പെട്ടേക്കാം.  എന്തെന്നാൽ  മരുന്നുകൾ കൊണ്ട് ഫൈബ്രോയ്ഡ്ന്റെ വലിപ്പത്തെയോ അത് കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങളെയോ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതിനിടെ  ആർത്തവവിരാമം ഉണ്ടായാൽ, ഈ മുഴകൾ പിന്നെ ചുരുങ്ങി പ്പോയി ശല്യം ഉണ്ടാക്കാതെ ഇരുന്നേക്കാം.  എന്നാൽ  ഒരു സ്ത്രീക്ക്  എത്ര കാലം കഴിഞ്ഞാണ് ആർത്തവവിരാമം ഉണ്ടാകുക എന്ന് കൃത്യമായി പറയാൻ കഴിയാത്തതിനാൽ, മരുന്ന് കൊണ്ട് ശാശ്വത പരിഹാരം ഉണ്ടാകും എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല.  ശ്രമിച്ചു നോക്കാം എന്ന് മാത്രം.  മരുന്നുകൾക്ക് നല്ല വില ഉള്ളതിനാൽ, സാധാരണക്കാർ ചിലപ്പോൾ ഈ മാർഗം സ്വീകരിക്കാൻ മടി കാണിച്ചേക്കും .

പെട്ടെന്ന് ശസ്ത്രക്രിയ വേണ്ട, മക്കളുടെ പഠിപ്പു കഴിയാനോ,  ഭർത്താവു പുറം നാട്ടിൽ നിന്ന് വരുന്ന വരെയോ മക്കളുടെ കല്യാണം കഴിയുന്ന വരെയോ ശസ്ത്രക്രിയ നീട്ടി വെക്കേണ്ടി വരുന്നവർക്കും തൽക്കാലത്തേക്ക് മരുന്നുകൾ കഴിക്കാവുന്നതാണ്.  നിലവിൽ ഇത്തരം മരുന്നുകൾക്ക് നല്ല വില ഉണ്ട്.

 

ആർത്തവവിരാമം കഴിഞ്ഞാൽ ഫൈബ്രോയ്ഡ് ചെറുതായി പോകും എന്ന് ഉറപ്പുണ്ടോ?

ആർത്തവവിരാമം കഴിഞ്ഞാൽ ഫൈബ്രോയ്ഡ് ചെറുതാകും എന്നാണ് പൊതുവെ ഉള്ള ധാരണ എന്നാലും , ദുര്ലഭമായി ആർത്തവവിരാമത്തിനു ശേഷവും ഫൈബ്രോയ്ഡ് വലുതാകുകയോ ഫൈബ്രോയ്ഡ് മൂലം രക്തസ്രാവം ഉണ്ടാകുകയോ ചെയ്തേക്കാം.

ഫൈബ്രോയ്ഡ് മുഴകളുടെ ചികിത്സക്കായി ഏതെല്ലാം മരുന്നുകളാണ് ഉപയോഗിക്കാറ്?

താഴെ കൊടുത്തിരിക്കുന്ന മരുന്നുകളിൽ ചിലതു ഫൈബ്രോയ്ഡ് മുഴയുടെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്.

  1. Mifepristone; Mifepristone ഫൈബ്രോയ്ഡ് മൂലമുണ്ടാകുന്ന രക്‌തസ്രാവം കുറക്കാൻ വളരെ ഉപകാരപ്രദമാണെങ്കിലും നിലവിൽ ഫൈബ്രോയ്ഡ്ന്റെ വലിപ്പം കുറക്കാൻ അത് അത്ര ഉപയോഗപ്രദമല്ല എന്നാണ് അനുഭവം.

2.Ulipristal: Ulipristal ഗർഭപാത്രത്തിൽ Progesterone  എന്ന ഹോർമോൺ പ്രവർത്തിക്കുന്ന കോശങ്ങളെ തടയുകയാണ് ഈ മരുന്ന് ചെയ്യുന്ന പണി.  ഇത് മൂലം ഗർഭപാത്രത്തിൽ പുതിയ രക്തധമനികളുടെയും കോശങ്ങളുടെയും വളർച്ച കുറഞ്ഞു വരും.   3 മാസം Ulipristal കൊണ്ട് ചികിൽസിച്ചാൽ ഫൈബ്രോയ്ഡ്ന്റെ വലിപ്പം കുറയും.  തന്മൂലം ഫൈബ്രോയ്ഡ്  കാരണമുണ്ടാകുന്ന അമിത രക്‌ത സ്രാവവും കുറയും. 3 മാസത്തിലധികം ഈ മരുന്ന് ഉപയോഗിച്ച പഠനങ്ങൾ ഇല്ല.

  1. GnRh analogues; GnRh analogues താത്കാലികമായി estrogen, progesterone, പ്രൊജസ്റ്റീറോൺ, എന്നീ ഹോര്മോണുകളുടെ ഉത്പാദനം നിർത്തിവച്ചു, തത്‌കാലികമായി രോഗിയെ ആർത്തവവിരാമത്തിന്റെ അനുഭവത്തിലേക്ക് എത്തിക്കും. ഇവ മാസത്തിൽ ഒരിക്കൽ കൊടുക്കുന്ന ഇഞ്ചക്ഷനുകളാണ്. ഫൈബ്രോയിഡുകളുടെ വലിപ്പം തെല്ലൊന്നു കുറഞ്ഞെങ്കിലും ഇൻജെക്ഷൻ നിർത്തി കഴിഞ്ഞാൽ അവ വീണ്ടും പഴയ വലിപ്പത്തിലേക്കു എത്തിയേക്കും.  കുറഞ്ഞത് 3 ഇൻജെക്ഷൻ എടുക്കണം.  ഇൻജെക്ഷൻ  എടുത്ത ചില സ്ത്രീകൾക്ക്  കാര്യമായ ഉഷ്ണം അനുഭവപ്പെട്ടേക്കാം.    6 മാസത്തിൽ കൂടുതൽ ഈ ഇൻജെക്ഷൻ അടിച്ചാൽ എല്ലുകൾക്ക് ക്ഷതം വന്നേക്കാം.

4.Tranexamic acid: Tranexamic acid രക്തത്തെ കട്ട  വപ്പിക്കുകയാണ്‌  ചെയ്യുക.  രക്‌ത കട്ടകൾ സൂക്ഷ്മമായ രക്‌ത ധമിനികളെ അടക്കുകയും രക്‌തസ്രാവത്തിന്റെ അളവ് കുറക്കുകയും ചെയ്യും.

 

Progestasert എന്നാൽ എന്താണ്? ഫൈബ്രോയ്ഡ് ന്റെ ചികിത്സക്ക് ഇത് ഉപയോഗപ്രദമാണോ?

Progestasert എന്നാൽ ഗർഭപാത്രത്തിന്റെ ഉള്ളിൽ നിക്ഷേപിക്കാൻ പറ്റുന്ന ഒരു ഉപകരണമാണ്.  ഒരു ചെറിയ  തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പത്തിലും ഇംഗ്ലീഷിൽ “T” എന്ന അക്ഷരത്തിന്റെ ആകൃതിയിലും ഉള്ള ഈ ഉപകരണതിലൂടെ പ്രൊജസ്റ്റീറോൺ എന്ന ഹോർമോൺ വളരെ ചെറിയ തോതിൽ എന്നും ഗര്ഭപാത്രത്തിലേക്കു വന്നു കൊണ്ടേ ഇരിക്കും.   ഇത് മൂലം ഫൈബ്രോയ്ഡ് കാരണം ഉണ്ടാകുന്ന അമിത രക്തസ്രാവത്തിനു കുറവ് വന്നേക്കാം.  ഇത് ഇട്ടിരിക്കുമ്പോൾ  ഗര്ഭനിരോധനവും ഉണ്ടായിരിക്കും.  ഇത് ചിലവർക്കേ ഉപയോഗപ്രദമാകുള്ളൂ.  ഫൈബ്രോയ്ഡ് ന്റെ വളർച്ചയെ ഈ ഉപകരണത്തിന് തടയാൻ കഴിയില്ല.

 

ഫൈബ്രോയിഡുകളെ കളയുന്ന ചികിത്സാരീതികൾ ഏതൊക്കെയാണ്?

 

1.ഫൈബ്രോയ്ഡ് മുഴ മാത്രം കളയുന്ന Myomectomy  എന്ന ശസ്ത്രക്രിയ.

  1. 2. ഫൈബ്രോയ്ഡ് നോടോപ്പം ഗര്ഭപാത്രവും കളയുന്ന Hysterectomy എന്ന ശസ്ത്രക്ര്യിയ.
  2. 3. ശസ്ത്രക്രിയ ഇല്ലാതെ ഫൈബ്രോയിഡുകളെ അലിയിച്ചു കളയുന്ന embolization therapy യും , Ultrasound therapyയും.

 

കാര്യമായി ചികിത്സ വേണ്ടി വരുന്ന ഫൈബ്രോയിഡുകൾ ഏതൊക്കെയാണ്?

ശരീത്തിനു സഹിക്കാൻ പറ്റാത്ത ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഫൈബ്രോയിഡുകളെ മാത്രമേ ചികിൽസിച്ചു മാറ്റേണ്ടതുള്ളൂ.  വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളിൽ ഫൈബ്രോയ്ഡ് മൂലമാണ് വന്ധ്യത ഉണ്ടാകുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രമേ അത് നീക്കം ചെയ്യേണ്ടതുള്ളൂ.

ഫൈബ്രോയ്ഡ് മുഴകൾ മാത്രമായി ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുമോ? ഏതു രോഗികളിലാണ് ഗർഭപാത്രം നീക്കം ചെയ്യാതെ മുഴ മാത്രം നീക്കം ചെയ്യാറ്?

 

ഫൈബ്രോയ്ഡ് മുഴ മാത്രം ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് മയോംക്ടമി എന്നാണ് പറയുക.   ചെറുപ്പമായ സ്ത്രീകളിൽ ഫൈബ്രോയ്ഡ് മൂലം അമിത രക്തസ്രാവം, വേദന അല്ലെങ്കിൽ മറ്റെന്ടെങ്ങിലും ലക്ഷണങ്ങൾ കണ്ടാൽ ഫൈബ്രോയ്ഡ് മുഴകൾ കളയേണ്ടി വരും.  വന്ധ്യത അനുഭവപ്പെടുന്ന സ്ത്രീകൾക്ക്  വന്ധ്യത ഫൈബ്രോയ്ഡ് മൂലമാണെന്ന് ചികിതസിക്കുന്ന ഡോക്ടർക്ക് തോന്നുകയാണെങ്കിൽ ഫൈബ്രോയ്ഡ് കളയേണ്ടി വരും.

 

ഫൈബ്രോയ്ഡ് കളയുന്ന ശസ്ത്രക്രിയ (Myomectomy) ഏതെല്ലാം രീതിയിൽ ചെയ്യാം?

ഫൈബ്രോയ്ഡ് മുഴകൾ

1.Laparoscope  ഉപയോഗിച്ച്. 2. Hysteroscope ഉപയോഗിച്ച്,3.വയറു കീറി (Laparotomy) വഴി കളയാവുന്നതാണ്.

Laparoscopic myomectomy: വയറിൽ 3-4 ചെറിയ തുളകളുണ്ടാക്കി അതിലൂടെ നീളത്തിലുള്ള ഉപകരണങ്ങൾ  ഇറക്കി TV സ്‍ക്രീനിലൂടെ നോക്കി ആണ് ശസ്ത്രക്രിയ ചെയ്യാറ്.  മുഴ കളഞ്ഞു ഗര്ഭാശയത്തിന്റെ അറ്റങ്ങൾ ലാപ്പറോസ്കോപ്പിലൂടെ നോക്കി തന്നെ തുന്നി വക്കും.  .  മുഴ പൊട്ടിച്ചു പുറത്തേക്കു എടുക്കും. രോഗിക്ക് വലിയ വിശ്രമമൊന്നുമില്ലാതെ ജോലികളിൽ ഏർപ്പെടാം.

ലാപ്പറോസ്കോപ്പ് വഴി എടുക്കാവുന്ന മുഴകളുടെ വലിപ്പവും എണ്ണവും ചെയ്യുന്ന ഡോക്ടറുടെ പരിചയത്തിനെയും മുഴകളുടെ സ്ഥാനത്തേയും അവലംബിച്ചിരിക്കും.  ലേഖിക 9cm വരെയുള്ള മുഴ ലാപ്പറോസ്കോപ്പ് വഴി നീക്കം ചെയ്തിട്ടുണ്ട്. Laparoscopic myomectomy കഴിഞ്ഞ പല രോഗികളും ഗർഭം ധരിച്ചു വിജയകരമായി പ്രസവിച്ചിട്ടും ഉണ്ട്.  6 മുഴകളുള്ള സ്ത്രീകൾക്കും Laparoscopic myomectomy വിജയകരമായി ചെയ്തിട്ടുണ്ട്.

 

Hysteroscopic Myomectomy:

ഫൈബ്രോയ്ഡ് മുഴകൾ ചിലപ്പോൾ ഗർഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളി നിൽക്കാറുണ്ട്.  ഇത് അമിതമായ രക്തസ്രാവത്തിനു കാരണമാക്കും.  ഇത്തരം ഫൈബ്രോയ്‌ഡകൾ ചെറുതാണെങ്കിൽ അത് Hysteroscope എന്ന ഉപകരണത്തിന്റെ സഹായത്തോടെ കളയാൻ കഴിയും. ഈ പ്രക്രിയയിൽ വയറിൽ എവിടെറെയും മുറിവുകളുണ്ടാകില്ല.  യോനി വഴി ഗർഭപാത്രത്തിന്റെ ഉള്ളിലേക്ക് കാമറ ഘടിപ്പിച്ച ഒരു കുഴൽ കയറ്റി അതിലൂടെ തന്നെ മുഴ ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചു കളയുന്ന പ്രക്രിയ ആണിത്.   വയറിൽ മുറിവൊന്നും ഇല്ലാത്തതിനാൽ രോഗിക്ക് വേദന ഉണ്ടാകില്ല.  ശസ്ത്രക്രിയക്കു ശേഷം അതെ ദിവസം തന്നെ വീട്ടിലേക്കു പോകുകയും ചെയ്യാം.

വയറു കീറി മുഴ കളയൽ: ( Myomectomy by laparotomy):

വയറു കീറി മുഴകൾ കളയാം.  വളരെ വലിയതും കുറെ അധികമായിട്ടുള്ളതുമായ ഫൈബ്രോയിഡുകളാണ് ഇത്തരത്തിൽ കളയേണ്ടി വരാറ്.

 

Myomectomy  കഴിഞ്ഞാൽ മുഴകൾ വീണ്ടും വരുമോ?

ഫൈബ്രോയ്ഡ്  മുഴകൾ വരാൻ  പ്രവണതയുള്ള സ്ത്രീകളാണെങ്കിൽ അവ വീണ്ടും വന്നെന്നിരിക്കാം.  ചിലപ്പോൾ ശസ്ത്രക്രിയ ചെയ്യുന്ന സമയത്തു മുഴയുടെ വലിപ്പം വളരെ ചെറുതാണെങ്കിൽ അത് കാണാനോ തൊട്ടാൽ അറിയാനോ പറ്റാത്ത സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ, അത് എടുക്കാൻ പറ്റിയെന്നു വരില്ല.  ഇവ കാലക്രമേണ വലുതായെന്നു വരും.

ഫൈബ്രോയിഡുകൾ ഉള്ളപ്പോൾ ഗർഭപാത്രം നീക്കം ചെയ്യേണ്ട തെപ്പോഴാണ് ?

പ്രസവങ്ങൊളൊക്കെ കഴിഞ്ഞു കുടുംബം പൂർത്തീകരിച്ച സ്ത്രീകൾക്കാണ് ഗർഭപാത്രം കളയുന്നതിനെ പറ്റി ചിന്ദിക്കേണ്ടതുള്ളൂ.   സാധാരണ ഒരു 35-40 വയസ്സ് കഴിഞ്ഞവർക്കായിരിക്കും ഫൈബ്രോയ്ഡ് മാത്രം  കളയുന്നതിനു പകരം ഗർഭപാത്രം   മുഴുവൻ കളയേണ്ടി വരിക.  ഫൈബ്രോയ്ഡ്  മൂലം സഹിക്കാവുന്നതിലും അപ്പുറം ലക്ഷണങ്ങൾ ഉണ്ടായാൽ മാത്രമേ ഗർഭപാത്രം കളയേണ്ടതുള്ളു.  വളരെ വലിയ ഫൈബ്രോയ്ഡ് ഉണ്ടെങ്കിലും ശസ്ത്രക്രിയ ആവശ്യമായി വരും.   ഗർഭപാത്രം കളയേണ്ടി വരുന്ന ചില സന്ദര്ഭങ്ങളാണ് താഴെ പറഞ്ഞിരിക്കുന്നത്.

  1. ഫൈബ്രോയ്ഡ് മുഴകൾ വളരെ വേഗം വളർന്നാൽ.
  2. കുടുംബം പൂർത്തീകരിച്ച സ്ത്രീകൾക്ക് വളരെ വലിയ ഫൈബ്രോയിഡുകൾ വന്നാൽ.
  3. ഫൈബ്രോയ്ഡ് കാരണം അമിതമായ രക്‌തസ്രാവം ഉണ്ടായാൽ:
  4. 8-10 ദിവസത്തിലധികം രക്തസ്രാവം കഴിഞ്ഞ 2 മാസത്തിലോ കഴിഞ്ഞ 40 ദിവസത്തിലോ ആയി കണ്ടാൽ.

b.രക്‌തത്തിൽ Hb യുടെ അളവ് 10gm/dL താഴെ ആയാൽ അല്ലെങ്കിൽ രക്തം കുറഞ്ഞു രക്‌തം സ്വീകരിക്കേണ്ടി വന്നാൽ..

4.ഫൈബ്രോയ്ഡ് മൂലം മൂത്ര തടസ്സമോ മലം പോകുന്നതിനു തടസ്സമോ ഉണ്ടായാൽ.

വയറിനു അടിയിൽ അതികഠിനമായ വേദന ഉണ്ടായി ദൈനം ദിനത്തിലുള്ള ജീവിതത്തിനു തടസ്സമുണ്ടായാൽ.

  1. ആർത്തവവിരാമത്തിനു ശേഷം വലിയ ഫൈബ്രോയിഡുകൾ ഉണ്ടാകുകയോ ഉള്ള ഫൈബ്രോയിഡുകൾ വലിപ്പം വക്കുകയോ ചെയ്താൽ.

ഗര്ഭധാരണം ഇനിയും നടക്കാൻ ഇരിക്കുന്ന ചെറുപ്പം പ്രായത്തിൽ ഫൈബ്രോയ്ഡ് ശല്യം ചെയ്താൽ മുഴ മാത്രം നീക്കം ചെയ്യണോ  അതോ ഗർഭപത്രം മുഴുവൻ നീക്കം ചെയ്യണോ എന്ന കാര്യത്തിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.   ഇനിയും ഗര്ഭധാരണം ആവശ്യമുള്ള സ്ത്രീകൾക്ക് സ്വാഭാവികമായും മുഴ മാത്രം നീക്കം ചെയ്യുന്നതാണ്  ഉത്തമം.  എത്ര വലിപ്പം ഉള്ളതായാലും മുഴകൾ മാത്രമായി നീക്കം ചെയ്യാവുന്നതാണ്.

 

ഗര്ഭധാരണം ഇനി ആവശ്യമില്ലെങ്കിലും ചിലപ്പോൾ രോഗി ചെറുപ്പം പ്രായത്തിലുള്ള യുവതിയാണെങ്കിൽ  മുഴ മാത്രമായി നീക്കം ചെയ്യാറുണ്ട്.  ഗർഭപാത്രം നീക്കം ചെയ്തു 5 കൊല്ലത്തിനുള്ളിൽ  അണ്ടാശയങ്ങളുടെ രക്തോട്ടം നിലച്ചു അണ്ടാശയങ്ങൾ  പ്രവർത്തനരഹിതമായി പോയേക്കാം.  അതിനാൽ നന്നേ ചെറുപ്പം പ്രായമാണെങ്കിൽ  പ്രസവം നിർത്തിയ സ്ത്രീ ആണെങ്കിലും ചിലപ്പോൾ മുഴ മാത്രം നീക്കം ചെയ്തേക്കാം.

എന്നാൽ മുഴകൾ ഇനിയും വന്നാലോ എന്നുള്ള ഭയം കൊണ്ട് പലപ്പോഴും ചില രോഗികൾ ഗർഭപാത്രം മുഴുവൻ നീക്കം ചെയ്യുന്നത്തിലാണ് താല്പര്യം പ്രകടിപ്പിക്കാറ് .   എല്ലാ വശവും  കണക്കിലെടുത്തു ഏതു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടറുമായി സംസാരിച്ചു  തീരുമാനം എടുക്കേണ്ടതാണ്.

 

ഫൈബ്രോയ്ഡ് മുഴകൾ ശസ്ത്രക്രിയ കൂടാതെ അലിയിച്ചു കളയുന്ന പ്രക്രിയകൾ തൊക്ക്കെ?

 

1.Uterine artery embolization.

  1. MRI guided ultrasound surgery.

 

Uterine artery embolization:   ഒടിഭാഗത്തായി ചെറിയ ഒരു മുറിവിലൂടെ കാലുകളിലേക്കു രക്തം എത്തിക്കുന്ന  femoral artery എന്ന രക്തക്കുഴലിലേക്കു ഒരു സൂചി ഇറക്കി അതിലൂടെ ഒരു നേരിയ  കുഴൽ പോലുള്ള  cannula  എന്ന ഉപകരണം ഗര്ഭ പാത്രത്തിലേക്കു രക്തം എത്തിക്കുന്ന uterine arteryയിലേക്കു കടത്തും.  ഇതിലേക്ക് ചെറിയ സൂക്ഷ്മകണങ്ങൾ inject ചെയ്തു arteryയിലെ രക്തയോട്ടത്തിനെ  തടസ്സപ്പെടുത്തും.  രക്തയോട്ടം കാര്യമായി തടസ്സപ്പെടുമ്പോൾ ഫൈബ്രോയിഡുകൾ ചിലപ്പോൾ ഇല്ലാതാവും.  ഗര്ഭപാത്രത്തിനു രക്തം കിട്ടാൻ വേറെയും രക്തക്കുഴലുകളുള്ളതിനാൽ ഗർഭപാത്രം മുഴുവനായി ചുരുങ്ങി പോവില്ല .

Angiograph എന്ന മെഷീൻ ഉള്ള ആശുപത്രികളിൽ ഈ പ്രക്രിയ ചെയ്യാവുന്നതാണ്.  ഇത് ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച Radiologist ഉണ്ടായിരിക്കണം.  ഈ പ്രക്രിയക്ക് ശേഷം ചില രോഗികൾക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടേക്കാം.  ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിട്ടു വീട്ടിലേക്കു പോകാവുന്നതാണ്.  കുടുംബം പൂർത്തിയാകാത്ത സ്ത്രീകൾക്ക് ഈ ചികിത്സാരീതി ഗുണം ചെയ്തേക്കില്ല.

 

MRI guided ultrasound surgery.

ഈ ചികിത്സാരീതിയിൽ MRI Scanner എന്ന മെഷീനിലൂടെ ഫൈബ്രോയ്ഡ് സ്ഥിതി ചെയ്യുന്ന ഭാഗം വ്യക്തമായി കണ്ടു പിടിച്ചു അതിനെ Ultrasound

രശ്മികൾ  കൊണ്ട് ഇല്ലാതാക്കുന്നു.  ഇത് ചില പ്രത്ത്യേക രോഗികൾക്ക് മാത്രമേ ഗുണം ചെയൂ .    ഇന്ത്യയിൽ വളരെ ചുരുക്കം സ്ഥലങ്ങളിലെ ഇതുള്ളൂ.

 

ചോ: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഏതൊക്കെ രീതിയിൽ ചെയ്യാം>

ഉ: ഗർഭപാത്രം വയറു കീറി(Abdominal hysterectomy), യോനിയിൽ കൂടെ(vaginal hysterectomy), ലാപ്പറോസ്കോപ്പിന്റെ സഹായത്തോടെ(Laparoscopic assisted vaginal hysterectomy), എന്നിങ്ങനെ പല രീതിയിലൂടെയും ചെയ്യാൻ കഴിയും.

Laparoscopic hysterectomy:

 

ലാപ്പറോസ്കോപ്പ് എന്നാൽ ഏകദേശം ഒരു ഓടക്കുഴൽ പോലെ നീളത്തിലുള്ള ഒരു ഉപകരണമാണ്.  അതിന്റെ അറ്റത്തു ചെറിയ ഒരു കാമറ ഘടിപ്പിച്ചാൽ അതിന്റെ മറ്റേ  അറ്റത്തെ  ചുറ്റുമുള്ള കാര്യങ്ങൾ കാമറ വഴി ടെലിവിഷന്റെ സ്ക്രീൻ പോലെ ഒരു സ്‌ക്രീനിൽ കാണാൻ   പറ്റും .

ലാപറോസ്കോപ്പ് ഉപയോഗിച്ചുള്ള ഹിസ്റ്ററെക്ടമിയിൽ പൊക്കിളിനു ചുവട്ടിൽ ഒരു ചെറിയ സുഷിരത്തിലൂടെ ലാപ്പറോസ്കോപ്പ് വയറിന്റെ ഉൾവശത്തേക്കു ഇറക്കും .  അപ്പോൾ വയറിന്റെ ഉൾവശത്തെ എല്ലാ അവയവങ്ങളും കാമറ വഴി സ്‌ക്രീനിൽ കാണാം. വേറെ രണ്ടോ മൂന്നോ 5mm വലിപ്പമുള്ള സുഷിരങ്ങളിലൂടെ നീളമുള്ള ഓരോ കോല് പോലുള്ള ഉപകരണങ്ങൾ വയറിലേക്ക് കടത്തും  ഗര്ഭപാത്രത്തെ ശരീരത്തോട് ബന്ധിപ്പിക്കുന്ന ഭാഗങ്ങളെ ഈ നേരിയ ഉപകരണങ്ങൾ കൊണ്ട് വിച്ഛേദിച്ചു അവസാനം ഗര്ഭപാത്രത്തെ യോനിയിലൂടെ എടുത്തു മാറ്റും.

Laparoscopic assisted vaginal hysterectomy:   

ഗർഭപാത്രത്തിന്റെ പല ഘടനകളും ലാപ്പറോസ്കോപ്പിലൂടെ വയറിൽ നിന്ന് വിച്ഛേദിച്ചിട്ടു, ബാക്കി ഭാഗങ്ങൾ യോനിയിലൂടെ വിച്ഛേദിക്കുന്ന ഒരു പ്രക്രിയയാണിത്.  എല്ലാ ഭാഗങ്ങളും ശരീരവുമായി വിച്ഛേദിക്കപ്പെട്ടാൽ ഗർഭപാത്രം യോനിയിലൂടെ നീക്കം ചെയ്യും

പ്രയോജനങ്ങൾ:  വയറിലെ ചെറിയ മുറിവുകളിൽ മാത്രം ഒരു വലിച്ചിൽ ഉണ്ടാകുമെന്നതൊഴിച്ചാൽ ശസ്ത്രക്രിയ കഴിഞ്ഞാലുണ്ടാകാവുന്ന വേദന വളരെ കുറവായിരിക്കും.   ശസ്ത്രക്രിയയുടെ പിറ്റേ ദിവസം മുതൽ തന്നെ രോഗിക്ക് കുനിയാനും തിരിയാനും നടക്കാനും വളരെ സുഗമമായി പറ്റും . പല രോഗികളും മൂന്നാം ദിവസം വീട്ടിലേക്കു പോയേക്കും.  ബസ്സിലും യാത്ര ചെയ്യാവുന്നതാണ്.  ഒരാഴ്ച  കഴിഞ്ഞാൽ വീട്ടിലെ ജോലികളിൽ ഏർപ്പെടാവുന്നതാണ്.

Vaginal hysterectomy:

ഗർഭപാത്രം മുഴുവനായിട്ടും ചിലപ്പോൾ യോനിയിലൂടെ കളയാൻ സാധിക്കും.  യോനിയിൽ മുറിവുകളുണ്ടാക്കി, ഗര്ഭപാത്രത്തെ ശരീരത്തോട് ഘടിപ്പിക്കുന്ന ഭാഗങ്ങളെ വിച്ഛേദിപ്പിച്ചു ഗർഭപാത്രം മുഴുവനായും യോനിയിലൂടെ എടുത്തു മാറ്റും .   യോനിയിലെ ചര്മത്തിലെ മുറിവുകൾ വേദന ഉണ്ടാക്കാത്തതാണ്.

 

പ്രയോജനങ്ങൾ:  വയറിന്മേൽ മുറിവുകളൊന്നുമില്ലാത്തതിനാൽ മുറിവ് പഴുക്കുക എന്നതു ഉണ്ടാകുകയില്ല.   ശസ്ത്രക്രിയ കഴിഞ്ഞാലുണ്ടാകാവുന്ന വേദന വളരെ കുറവായിരിക്കും.  ശസ്ത്രക്രിയയുടെ പിറ്റേ ദിവസം മുതൽ തന്നെ രോഗിക്ക് കുനിയാനും തിരിയാനും നടക്കാനും വളരെ സുഗമമായി പറ്റും . പല രോഗികളും മൂന്നാം ദിവസം വീട്ടിലേക്കു പോയേക്കും.  ബസ്സിലും യാത്ര ചെയ്യാവുന്നതാണ്.  ഒരാഴ്ച  കഴിഞ്ഞാൽ വീട്ടിലെ ജോലികളിൽ ഏർപ്പെടാവുന്നതാണ്.

 

വയറു കീറിയുള്ള ഹിസ്റ്ററെക്ടമി:   (Abdominal hysterectomy):

പണ്ട് മുതൽ മിക്കവരിലും ഗർഭപാത്രം വയറു കീറിയാണ് നീക്കം ചെയ്തിരുന്നത്.  അടിവയറിൽ താഴെയായി മിക്കവാറും വിലങ്ങനെ 6-10cm നീളത്തിൽ മുറിച്ചു ആണ് ഗർഭപാത്രത്തിന്റെ പക്കൽ എത്തുക.

ഇപ്രകാരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ നീളത്തിലുള്ള മുറിവിനടുത്തു ചെറിയ തോതിൽ വേദന ഉണ്ടായേക്കാം.  ഹോസ്പിറ്റലിൽ 4-6 ദിവസം വരെ താമസിക്കേണ്ടി വന്നേക്കാം.  ചെരിയുമ്പോഴും എഴുനേൽക്കുമ്പോഴും അടിവയറിന്റെ ഇരുവശങ്ങളിലും വേദന അനുഭവപ്പെട്ടേക്കാം.  വീട്ടിൽ ചെന്നാൽ ഒരു മാസത്തേക്ക് വിശ്രമിക്കേണ്ടി വരും.   6 മാസത്തേക്ക് ഭാരമുള്ളതൊന്നും എടുക്കാതിരിക്കണം.

വേദനയുടെ കാഠിന്യം പല രോഗികളിലും വ്യത്യാസമുള്ള അളവിൽ  അനുഭവപ്പെട്ടേക്കാം.

Questions and Answers compiled by

Dr.Shobhana Mohandas.MD.DGO.FICOG

Consultant gynaecologist, Sun Medical centre,Thrissur, Kerala