ഹിസ്റ്ററക്ടമി

Posted On April 6, 2018


ഹിസ്റ്ററക്ടമി

ഹിസ്റ്ററക്ടമി

Dr.Shobhana Mohandas.MD.DGO FICOG,Dip Endoscopy(Germany)

Sun Medical centre, unit of Trichur Heart Hospital, Thrissur, Kerala

ഗർഭപാത്രം എടുത്തു കളയാനുള്ള ഹിസ്റ്ററെക്ടമി  എന്ന ശസ്ത്രക്രിയ സ്ത്രീകളിൽ വളരെ സുലഭമായി ചെയ്യപ്പെടുന്ന ഒന്നാണ്.  ഗര്ഭധാരണത്തിന് ആവശ്യമായ ഈ അവയവം പ്രസവത്തിന്റെ ആവശ്യം കഴിഞ്ഞാൽ ഒരുപാട് രോഗങ്ങൾക്ക് കരണമായേക്കാവുന്നതിനാൽ എടുത്തു കളയുകയാണ് നല്ലതു എന്ന് ഒരു ഭാഗം ആളുകൾ ചിന്തിച്ചേക്കാം.  എന്നാൽ, വേറൊരു വിഭാഗം ആളുകൾക്ക് ഗർഭപാത്രം സ്ത്രീത്വത്തിന്റെ പ്രതീകം ആയിട്ടാണ് തോന്നുക.  ഇവർ  ഗർഭപാത്രം കളയുന്നത് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഭയപ്പെടുന്നു.

ഹിസ്റ്ററക്ടമിയുടെ കാരണങ്ങൾ, ചെയ്യപ്പെടുന്ന വഴികൾ, കഴിഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ, എന്നിവയെ കുറിച്ചുള്ള കാര്യങ്ങൾ ആണ് താഴെ വിവരിച്ചിരിക്കുന്നത്.

 

ഹിസ്റ്ററക്ടമിയെ കുറിച്ചുള്ള ആശങ്കകൾ: 

ചോ; ഹിസ്റ്ററക്ടമി ചെയ്യുമ്പോൾ എന്തെല്ലാം അവയവങ്ങളാണ് നീക്കം ചെയ്യാറ്?

ഉ: ഹിസ്റ്ററക്ടമി ചെയ്യുമ്പോൾ സാധാരണ ഗർഭാശയം, സർവിക്സ് (ഗര്ഭാശയത്തിന്ടെ മുഖം) , അണ്ഡവാഹിനിക്കുഴലുകൾ, എന്നിവയാണ് നീക്കം ചെയ്യാറ്. 

ചില രോഗികളുടെ അണ്ടാശയങ്ങളും നീക്കം ചെയ്യേണ്ടി വന്നേക്കാം.

കാൻസർ രോഗികൾക്ക് ചിലപ്പോൾ കഴലകൾ (Lymph nodes)  നീക്കം ചെയ്യാറുണ്ട്.

 

ചോ;  ഓവറി നീക്കം ചെയ്താലുണ്ടാകുന്ന പാർശ്വഫലങ്ങൾ എന്താണ്?

ഉ:  ഓവറി നീക്കം ചെയ്‌താൽ ആർത്തവവിരാമം ഉണ്ടായ സ്ത്രീകളുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കും.  ഇട വിട്ടു കഠിനമായ ചൂടും വിയർപ്പും അനുഭവപ്പെട്ടേക്കാം. ഈസ്ട്രജൻ എന്ന ഹോർമോണിന്റെ കുറവ് മൂലം എല്ലുകൾക്ക് ബലക്കുറവും ഉണ്ടായേക്കാം.

ചെറുപ്പം പ്രായത്തിൽ ഓവറി കളയേണ്ടി വന്നാൽ ഹോർമോൺ ഗുളികകൾ കഴിക്കേണ്ടതാണ്.

ഓവറിക്ക് കാൻസർ വന്നാലോ എന്ന പേടി മൂലം പല രോഗികളും ഹിസ്റ്ററെക്ടമിയുടെ കൂടെ അണ്ടാശയങ്ങളും എടുത്തു കളയാൻ ആവശ്യപ്പെടാറുണ്ട്.  എന്നാൽ ഓവറികൾക്കു ഒരുപാട് ഉപയോഗങ്ങൾ ഉള്ളതിനാൽ വളരെ ചുരുക്കം പേരിൽ വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ അത് നീക്കം ചെയ്യാവൂ.

 

ചോ: ഹിസ്ട്രക്ടമി കഴിഞ്ഞ വഴി എന്തെല്ലാം പ്രതീക്ഷിക്കാം?

ഉ: ശസ്ത്രക്രിയ കഴിഞ്ഞ വഴി ബോധം കെടുത്തിയതിന്റെ പാർശ്വഫലമായി ചിലർക്ക് മനം പുരട്ടുകയും ഛർദ്ദിക്കാൻ തോ ന്നുകയും ചെയ്തേക്കാം.  ചെറിയ തോതിൽ വയറു വേദനയും അസ്വസ്ഥതയും തോന്നിയേക്കാം.  ഇതെല്ലാം മരുന്നുകൾ കൊണ്ട് ഭേദമാക്കാവുന്നതാണ്.  ചെറിയ തോതിൽ യോനിയിലൂടെ രക്തസ്രാവം ഇറ്റിറ്റായി ഉണ്ടായേക്കാം.  ഇത് ക്രമേണ ഒരു മാസം കൊണ്ട് കുറഞ്ഞു വരും.   ശസ്ത്രക്രിയക്ക് ശേഷം അടുത്ത ദിവസം മുതൽ പറ്റുമെങ്കിൽ നടക്കുന്നത് നന്നായിരിക്കും.  ഇത് കുടലുകൾക്കു  അനക്കം കിട്ടാനും രക്തം കാലിലെ രക്തക്കുഴലുകളിൽ കെട്ടി നിൽക്കാതിരിക്കാനും ശ്വാസകോശങ്ങളിൽ സാംക്രമിക രോഗങ്ങൾ വരാതിരിക്കാനും ഉപകരിക്കും.

 

ചോ; ഹിസ്റ്ററെക്ടമി കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് വണ്ണം വെക്കുമോ  ?

ഉ:  ഹിസ്റ്ററെക്ടമി കഴിഞ്ഞാൽ ആദ്യത്തെ കൊല്ലം കുറച്ചു  വണ്ണം വെക്കാൻ സാധ്യതയുണ്ടെങ്കിലും അത് മിക്കവാറും  സ്വതവേ വണ്ണമുള്ള സ്ത്രീകൾക്കാണ് കാണാറ്. ഇത് മുഴുവനായിട്ടും ശസ്ത്രക്രിയയുടെ പാർശ്വഫലമായിട്ടു കാണാൻ പറ്റില്ല .   ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ വീട്ടിൽ തന്നെ ഇരുന്നു വ്യായാമമൊന്നും ഇല്ലാതിരിക്കലാണ് അതിനു ഒരു കാരണം.  ശരിയായ ആരോഗ്യമുറയും വ്യത്യയാമവും ഉണ്ടായാൽ ഇതിനെ ഒരു പരിധി വരെ തടയാൻ കഴിയും.

ഓവറികൾ രണ്ടും കളഞ്ഞാൽ ആൻഡ്രോജൻ എന്ന ഹോർമോൺ അമിതമായി ശരീരത്തിൽ ഉണ്ടാകുകയും തടി കൂടാൻ ഇത് ഒരു കാരണമാകുകയും ചെയ്യാം.  വയറു കീറി ഓപ്പറേഷൻ ചെയ്താൽ. വയറിന്റെ മാംസപേശികൾക്കു ബലം കുറയുകയും വയറു വീർത്ത പോലെ തോന്നുകയും ചെയ്യാം.   യോനിയിലൂടെയോ ലാപ്പറോസ്കോപ്പിന്റെ സഹായത്തോടെയോ ചെയ്ത ഹിസ്റ്ററക്ടമിക്ക് ശേഷം മാംസപേശികൾക്കു ബലക്കുറവുണ്ടാകാൻ സാധ്യത കുറവാണ്.

ചോ;  ഗർഭപാത്രം കളഞ്ഞാൽ  പുറം വേദന ഉണ്ടാകുമോ ?

ഉ:  ഹിസ്റ്ററക്ടമിക്ക് വേണ്ടി പ്രത്യേക തരത്തിൽ കാലുകൾ വെക്കേണ്ടി വന്നാൽ (യോനിയിലൂടെയോ/ലാപ്പറോസ്സ്കോപ്പ് ഉപയോഗിച്ചുള്ള ശാസ്ത്രക്രിയകളിൽ)

പുറം വേദന ഉണ്ടാകാം.  ഹോസ്പിറ്റലുകളിൽ പരിചയമില്ലാത്തതും തെല്ലു കനമുള്ളതുമായ കിടക്കകളിൽ കിടന്നാലും പുറം വേദന ഉണ്ടായേക്കാം.  ഇതെല്ലം താൽക്കാലികവും ചികിൽസിച്ചു മാറ്റാവുന്നവയും ആണ്.

ഹിസ്റ്ററക്ടമി വയറു കീറി ചെയ്യേണ്ടി വന്നാൽ മുറിവിനു കേടൊന്നും വരാതിരിക്കാൻ രോഗികൾ ചിലപ്പോൾ കുനിഞ്ഞു നടന്നെന്നു വരും.  ഇപ്രകാരം കുറെ അധികം നടന്നാൽ നടുവേദന അനുഭവപ്പെട്ടേക്കാം.

പലപ്പോഴും മധ്യവയസ്‌കരിൽ പുറത്തെ എല്ലുകൾക്കും മാംസപേശികൾക്കും വലിവ് വന്നാൽ പുറം വേദന അനുഭവപ്പെടും.  ഇത് ഗർഭപാത്രം കളയാത്തവർക്കും ഉണ്ടാകാം.  എന്നാൽ ഹിസ്റ്ററക്റ്റമി കഴിഞ്ഞ സ്ത്രീകൾ ഇതിനെ ശസ്ത്രക്രിയയുടെ പാർശ്വഫലമായി കണ്ടെന്നു വരാം.

ചോ;  ഹിസ്റ്ററക്റ്റമി കഴിഞ്ഞാൽ ഭാര്യാഭർതൃ ബന്ധങ്ങൾ തുടരാൻ പറ്റുമോ?

ഉ:  ശസ്ത്രക്രിയ കഴിഞ്ഞ 6 ആഴ്ചത്തേയ്ക്കു മാത്രം ഇതിൽ നിന്ന് പിന്തിരിയാൻ ഡോക്റ്റർമാർ നിർദ്ദേശിക്കും.

ഈ സമയം കൊണ്ട് യോനിയിലൂടെ വരാവുന്ന രക്‌തസ്രാവവും മറ്റു ദ്രാവകങ്ങൾ വര ലുമൊക്കെ നിന്ന്,  ഉള്ളിലെ മുറിവുകളൊക്കെ ഉണങ്ങിക്കൊള്ളും.  ഗർഭപാത്രം നീക്കം ചെയ്താൽ സ്ത്രീത്വം കുറഞ്ഞു പോയോ എന്ന് ചില സ്ത്രീകൾക്ക് തോന്നി പോയേക്കാം.  ഇത്തരം ചിന്തകൾ കാലക്രമേണ ഇല്ലാതാവുകയും ബന്ധങ്ങൾ പഴയതു പോലെ തുടരുകയും ചെയ്യാറുണ്ട്.

 

ചോ;  ഹിസ്റ്റര്ക്ക്ടമി കഴിഞ്ഞാൽ ഉണ്ടാകാവുന്ന കുഴപ്പങ്ങൾ എന്തെല്ലാമാണ്?

ഉ:  അമിതമായ രക്തസ്രാവം, മൂത്രാശയം, മൂത്രക്കുഴൽ,എന്നീ അവയവങ്ങൾക്ക് ക്ഷതമുണ്ടാകുക, വയറിൽ പഴുപ്പ് കയറുക, പഴുപ്പോ അമിതമായ രക്തസ്രാവമോ, കുടലുകൾക്കോ മൂത്രാശയത്തിനോ കേടു പറ്റിയതുമൂലമോ വീണ്ടും വയറു തുറക്കേണ്ടി വരിക, എന്നീ കുഴപ്പങ്ങൾ വളരെ ദുര്ലഭമായി ഉണ്ടാകാറുണ്ട്.

കാലിലെ രക്തധമനികളിൽ രക്തം കെട്ടി നിൽക്കുക എന്നതും ദുര്ലഭം ഉണ്ടാകാവുന്ന ഒരു കുഴപ്പമാണ്.

ഇത് കൂടാതെ, നിസ്സാര കുഴപ്പങ്ങളിൽ പെട്ടതാണ്, മുറി പഴുക്കുക, മൂത്രത്തിൽ പഴുപ്പുണ്ടാകുക, മുറിവിനു ചുറ്റും അസ്വസ്ഥത തോന്നുക എന്നത്.

ചോ: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഏതൊക്കെ രീതികളിൽ ചെയ്യാം?

ഉ: ഗർഭപാത്രം വയറു കീറി(Abdominal hysterectomy), യോനിയിൽ കൂടെ(vaginal hysterectomy), ലാപ്പറോസ്കോപ്പിന്റെ സഹായത്തോടെ(Laparoscopic assisted vaginal hysterectomy), എന്നിങ്ങനെ പല രീതിയിലൂടെയും ചെയ്യാൻ കഴിയും.

Laparoscopic hysterectomy:

ലാപ്പറോസ്കോപ്പ് എന്നാൽ ഏകദേശം ഒരു ഓടക്കുഴൽ പോലെ നീളത്തിലുള്ള ഒരു ഉപകരണമാണ്.  അതിന്റെ അറ്റത്തു ചെറിയ ഒരു കാമറ ഘടിപ്പിച്ചാൽ അതിന്റെ മറ്റേ  അറ്റത്തെ  ചുറ്റുമുള്ള കാര്യങ്ങൾ കാമറ വഴി ടെലിവിഷന്റെ സ്ക്രീൻ പോലെ ഒരു സ്‌ക്രീനിൽ കാണാൻ   പറ്റും .

ലാപറോസ്കോപ്പ് ഉപയോഗിച്ചുള്ള ഹിസ്റ്ററെക്ടമിയിൽ പൊക്കിളിനു ചുവട്ടിൽ ഒരു ചെറിയ സുഷിരത്തിലൂടെ ലാപ്പറോസ്കോപ്പ് വയറിന്റെ ഉൾവശത്തേക്കു ഇറക്കും .  അപ്പോൾ വയറിന്റെ ഉൾവശത്തെ എല്ലാ അവയവങ്ങളും കാമറ വഴി സ്‌ക്രീനിൽ കാണാം. വേറെ രണ്ടോ മൂന്നോ 5mm വലിപ്പമുള്ള സുഷിരങ്ങളിലൂടെ നീളമുള്ള ഓരോ കോല് പോലുള്ള ഉപകരണങ്ങൾ വയറിലേക്ക് കടത്തും  ഗര്ഭപാത്രത്തെ ശരീരത്തോട് ബന്ധിപ്പിക്കുന്ന ഭാഗങ്ങളെ ഈ നേരിയ ഉപകരണങ്ങൾ കൊണ്ട് വിച്ഛേദിച്ചു അവസാനം ഗര്ഭപാത്രത്തെ യോനിയിലൂടെ എടുത്തു മാറ്റും.

Laparoscopic assisted vaginal hysterectomy:   

ഗർഭപാത്രത്തിന്റെ പല ഘടനകളും ലാപ്പറോസ്കോപ്പിലൂടെ വയറിൽ നിന്ന് വിച്ഛേദിച്ചിട്ടു, ബാക്കി ഭാഗങ്ങൾ യോനിയിലൂടെ വിച്ഛേദിക്കുന്ന ഒരു പ്രക്രിയയാണിത്.  എല്ലാ ഭാഗങ്ങളും ശരീരവുമായി വിച്ഛേദിക്കപ്പെട്ടാൽ ഗർഭപാത്രം യോനിയിലൂടെ നീക്കം ചെയ്യും

പ്രയോജനങ്ങൾ:  വയറിലെ ചെറിയ മുറിവുകളിൽ മാത്രം ഒരു വലിച്ചിൽ ഉണ്ടാകുമെന്നതൊഴിച്ചാൽ ശസ്ത്രക്രിയ കഴിഞ്ഞാലുണ്ടാകാവുന്ന വേദന വളരെ കുറവായിരിക്കും.   ശസ്ത്രക്രിയയുടെ പിറ്റേ ദിവസം മുതൽ തന്നെ രോഗിക്ക് കുനിയാനും തിരിയാനും നടക്കാനും വളരെ സുഗമമായി പറ്റും . പല രോഗികളും മൂന്നാം ദിവസം വീട്ടിലേക്കു പോയേക്കും.  ബസ്സിലും യാത്ര ചെയ്യാവുന്നതാണ്.  ഒരാഴ്ച  കഴിഞ്ഞാൽ വീട്ടിലെ ജോലികളിൽ ഏർപ്പെടാവുന്നതാണ്.

Vaginal hysterectomy:

ഗർഭപാത്രം മുഴുവനായിട്ടും ചിലപ്പോൾ യോനിയിലൂടെ കളയാൻ സാധിക്കും.  യോനിയിൽ മുറിവുകളുണ്ടാക്കി, ഗര്ഭപാത്രത്തെ ശരീരത്തോട് ഘടിപ്പിക്കുന്ന ഭാഗങ്ങളെ വിച്ഛേദിപ്പിച്ചു ഗർഭപാത്രം മുഴുവനായും യോനിയിലൂടെ എടുത്തു മാറ്റും .   യോനിയിലെ ചര്മത്തിലെ മുറിവുകൾ വേദന ഉണ്ടാക്കാത്തതാണ്.

പ്രയോജനങ്ങൾ:  വയറിന്മേൽ മുറിവുകളൊന്നുമില്ലാത്തതിനാൽ മുറിവ് പഴുക്കുക എന്നതു ഉണ്ടാകുകയില്ല.   ശസ്ത്രക്രിയ കഴിഞ്ഞാലുണ്ടാകാവുന്ന വേദന വളരെ കുറവായിരിക്കും.  ശസ്ത്രക്രിയയുടെ പിറ്റേ ദിവസം മുതൽ തന്നെ രോഗിക്ക് കുനിയാനും തിരിയാനും നടക്കാനും വളരെ സുഗമമായി പറ്റും . പല രോഗികളും മൂന്നാം ദിവസം വീട്ടിലേക്കു പോയേക്കും.  ബസ്സിലും യാത്ര ചെയ്യാവുന്നതാണ്.  ഒരാഴ്ച  കഴിഞ്ഞാൽ വീട്ടിലെ ജോലികളിൽ ഏർപ്പെടാവുന്നതാണ്.

വയറു കീറിയുള്ള ഹിസ്റ്ററെക്ടമി:   (Abdominal hysterectomy):

പണ്ട് മുതൽ മിക്കവരിലും ഗർഭപാത്രം വയറു കീറിയാണ് നീക്കം ചെയ്തിരുന്നത്.  അടിവയറിൽ താഴെയായി മിക്കവാറും വിലങ്ങനെ 6-10cm നീളത്തിൽ മുറിച്ചു ആണ് ഗർഭപാത്രത്തിന്റെ പക്കൽ എത്തുക.

ഇപ്രകാരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ നീളത്തിലുള്ള മുറിവിനടുത്തു ചെറിയ തോതിൽ വേദന ഉണ്ടായേക്കാം.  ഹോസ്പിറ്റലിൽ 4-6 ദിവസം വരെ താമസിക്കേണ്ടി വന്നേക്കാം.  ചെരിയുമ്പോഴും എഴുനേൽക്കുമ്പോഴും അടിവയറിന്റെ ഇരുവശങ്ങളിലും വേദന അനുഭവപ്പെട്ടേക്കാം.  വീട്ടിൽ ചെന്നാൽ ഒരു മാസത്തേക്ക് വിശ്രമിക്കേണ്ടി വരും.   6 മാസത്തേക്ക് ഭാരമുള്ളതൊന്നും എടുക്കാതിരിക്കണം.

വേദനയുടെ കാഠിന്യം പല രോഗികളിലും വ്യത്യാസമുള്ള അളവിൽ  അനുഭവപ്പെട്ടേക്കാം.

ഏതു മാർഗത്തിലൂടെ ഹിസ്റ്ററെക്ടമി ചെയ്യുന്നതാണ് ഉത്തമം?

യോനിയിലൂടെയോ ലാപ്പറോസ്കോപ്പിന്റെ സഹായത്തോടെയോ ഗർഭപാത്രം കളയാൻ പ റ്റുകയാണെങ്കിൽ അതാണ് ഉത്തമം.  പക്ഷെ ഇത്തരത്തിൽ ഗർഭപാത്രം കളയാൻ പ്രത്ത്യേക പരിശീലനം ലഭിച്ചിട്ടുള്ളതും പരിചയമുള്ളവരുമായ ഡോക്ടർമാർക്കെ പറ്റൂ.

ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന രോഗത്തിന്റെ കാഠിന്യത്തിനെയും അവലംബിച്ചിരിക്കും. അവയവങ്ങൾ തമ്മിൽ പറ്റിപ്പിടിച്ചിരിക്കുന്ന രോഗികൾക്ക് കൂടുതൽ വേദന ഉണ്ടാകാം.  പണ്ട് വയറിൽ ശസ്ത്രക്രിയക്കു വിധേയരായവർ, പഴുപ്പിന്റെ രോഗങ്ങൾ ഉണ്ടായിട്ടുള്ളവർ, എൻഡോമെട്രിയോസിസ് എന്ന രോഗമുണ്ടായവർ, എന്നിവരിൽ അവയവങ്ങൾ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്.

ഡോക്ടറുടെ പരിചയം, ആശുപത്രിയിലെ സൗകര്യങ്ങൾ, എന്നിവയെ ആശ്രയിച്ചാണ് ഹിസ്ട്രക്ടമി ഏതു വഴി ചെയ്യണമെന്ന് തീരുമാനിക്കുക.  ചില വിഷമമുള്ള ഘട്ടങ്ങളിൽ വയറു കീറാതെ വയ്യ എന്നും ഉണ്ടായെന്നിരിക്കും.  ലാപ്പറോസ്കോപ്പി സാധാരണ ചെയ്യുന്ന സ്ഥലങ്ങളിൽ പോയി ചെയ്യാൻ കഴിയുമെങ്കിൽ അതായിരിക്കും ഉത്തമ മാർഗം.

ചോ:  ഗർഭപാത്രം എന്തൊക്കെ കാരണങ്ങളാലാണ് നീക്കം ചെയ്യപ്പെടുന്നത്?

ഉ:1.അമിതമായ രക്‌തസ്രാവം.

2.അമിതമായ വയറുവേദന

 1.  ഗർഭപാത്രം ഇറങ്ങി വരിക
 2.  ഗര്ഭാപാത്രത്തിലോ അണ്ടാശയത്തിലോ കാൻസർ 

അമിതമായ രക്‌തസ്രാവം:

 1. ഹോർമോണിന്റെ വ്യതിയാനങ്ങൾ

ഹോർമോണിന്റെ വ്യതിയാനങ്ങൾ മൂലം അമിതമായ രക്‌തസ്രാവമുണ്ടാകാം.  ഔഷധങ്ങൾ കൊണ്ടോ മറ്റു മാർഗ്ഗങ്ങൾ വഴിയോ ഇത് സുഖപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ ഗർഭപാത്രം എടുത്തു കളയേണ്ടി വരും.

 1. ഫൈബ്രോയിഡുകൾ : ഗർഭപാത്രത്തിൽ വളരുന്ന മുഴകളാണ് ഫൈബ്രോയിഡുകൾ. ഫൈബ്രോയ്ഡ് കാൻസർ അല്ല. വെറുതെ സ്കാൻ ചെയ്താൽ 40% സ്ത്രീകളിലും ഫൈബ്രോയിഡുകൾ കണ്ടേക്കാം. പല സ്ത്രീകൾക്കും ഇവ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കു കയില്ല.  എന്നാൽ ചിലർക്ക് ഫൈബ്രോയിഡുകൾ  ആർത്തവസമയത്തു അമിതമായ രക്തസ്രാവത്തിനും   വേദനക്കും  കാരണമായേക്കാം.   ചിലർക്ക് ഫൈബ്രോയ്ഡ് മൂലം ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുകയോ നടുവേദനയോ  ഉണ്ടായേക്കാം .

ഗര്ഭധാരണം പൂർത്തിയാക്കിയ സ്ത്രീകൾക്ക് ഫൈബ്രോയ്ഡ് മുഴ വരുമ്പോൾ മാത്രമാണ് ഹിസ്റ്ററെക്ടമിയെ ആശ്രയിക്കാറ്. ഹിസ്റ്ററെക്ടമി ഒരു വലിയ ശസ്ത്രക്രിയ ആയതിനാൽ സാരമായ രോഗലക്ഷണങ്ങളുള്ളവർക്കു മാത്രമേ അത് ചെയ്‌തു കൊടുക്കേണ്ടതുള്ളൂ.  ഒരു ലക്ഷണവുമില്ലാതെ സ്കാൻ ചെയ്യുമ്പോൾ ഒരു ചെറിയ ഫൈബ്രോയ്‌ഡ് കണ്ടു എന്നത് കൊണ്ട് മാത്രം ഗർഭപാത്രം നീക്കം ചെയ്യേണ്ടതില്ല.

ഫൈബ്രോയ്‌ഡ് ഉള്ള സ്ത്രീകളിൽ ഗർഭപാത്രം നീക്കം ചെയ്യാനുള്ള ചില  മാനദണ്ഡങ്ങൾ:

1.. വളരെ വേഗത്തിൽ വളരുന്ന ഫൈബ്രോയിഡുകൾ: സാധാരണ ഫൈബ്രോയിഡുകൾ 1-2cm. വച്ചാണ് പ്രതിവർഷം വളരുക. എന്നാൽ മുഴ വളരെ വേഗം വളരുന്നതായി കണ്ടാൽ അത് നീക്കം ചെയ്യണം.

 1. ആർത്തവവിരാമത്തിനു ശേഷവും ഫൈബ്രോയ്‌ഡ് വളർന്നു കൊണ്ടേ ഇരിക്കുകയാണെങ്കിലോ, അല്ലെങ്കിൽ 12-13cmലും കൂടുതൽ വലിപ്പം കാണുകയോ, ആണെങ്കിൽ ഗർഭപാത്രം നീക്കം ചെയ്യണം.
 2. മരുന്നുകൾ കഴിച്ചിട്ടും അമിതമായും ഇടവിട്ടും രക്‌തസ്രാവമുനാകുമ്പോൾ
 3. അടിവയറിൽ ഫൈബ്രോയ്‌ഡ് മൂലം അതികഠിനമായ വേദന ഉണ്ടാകുകയാണെങ്കിൽ.
 4. ഫൈബ്രോയ്ഡ് മൂലം മൂത്രതടസ്സം ഉണ്ടാകുകയാണെങ്കിൽ.
 5. ഫൈബ്രോയ്ഡ് മൂലം പുറം വേദന ഉണ്ടാകുകയാണെങ്കിൽ.
 6. അമിത രക്‌തസ്രാവം മൂലം ശരീരത്തിൽ വിളർച്ച ഉണ്ടാകുകയും രക്‌തദാനം സ്വീകരിക്കേണ്ടിയും വന്നാൽ ശസ്ത്രക്രിയ ക്കു വിധേയമാക്കുകയാണ് നല്ലതു.

ചെറുപ്പക്കാർക്ക് ഫൈബ്രോയ്ഡ് മുഴ വന്നാൽ ഗർഭപാത്രം നീക്കം ചെയ്യാതെ മുഴ മാത്രം നീക്കം ചെയ്യുന്നതാണ് നല്ലതു. ഫൈബ്രോയ്ഡ് മാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുമ്പോൾ ചിലപ്പോൾ കൂടുതൽ രക്തം നഷ്ടപ്പെട്ടേക്കാം. അതിനാൽ ഗർഭപാത്രം കളയണോ അതോ മുഴ മാത്രം കളയണോ എന്ന തീരുമാനം രോഗിയുടെ വയസ്സ്, മുഴകളുടെ  വലിപ്പം, എന്നിങ്ങനെ പല കാര്യങ്ങളെയും അവലംബിച്ചിരിക്കും. 

 1. അഡിനോമയോസിസ്:

ഈ അസുഖമുള്ളവരുടെ ഗർഭപാത്രത്തിന്റെ ഭിത്തികൾ വണ്ണം വെച്ച് കൊണ്ടേ ഇരിക്കും .  ആർത്തവരക്തത്തിലൂടെ പുറത്തേക്കു പോകേണ്ടിയിരുന്ന ഗർഭപാത്രത്തിന്റെ ഉൾവശത്തെ എൻഡോമെട്രിയം എന്ന ആവരണം ഗർഭപാത്രത്തിന്റെ ഭിത്തികൾക്കുള്ളിലേക്കു പോകുന്നത് കൊണ്ട് വരുന്ന രോഗമാണിത്.  ആർത്തവസമയത്  അതികഠിനമായ  വേദനയും ചിലപ്പോൾ അമിത രക്‌തസ്രാവവുമാണ് ലക്ഷണങ്ങൾ.  മരുന്നുകൾ കഴിച്ചു വേദന കഴിയാവുന്നതും കുറക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.  എന്നാൽ, എത്ര മരുന്ന് കഴിച്ചിട്ടും വേദനക്ക്ശമനം കിട്ടുന്നില്ലെങ്കിൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നേക്കും.   വേദനയും ചിലപ്പോൾ അമിത രക്‌തസ്രാവവുമാണ് ലക്ഷണങ്ങൾ.  മരുന്നുകൾ കഴിച്ചു വേദന കഴിയാവുന്നതും കുറക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.  എന്നാൽ, എത്ര മരുന്ന് കഴിച്ചിട്ടും വേദനക്ക്ശമനം  കിട്ടുന്നില്ലെങ്കിൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നേക്കും.

 അടിവയറിൽ വേദന

മുകളിൽ പറഞ്ഞ ഫൈബ്രോയ്‌ഡും അഡിനോമയോസിസിനും പുറമെ വേറെ പല കാരണങ്ങളും അടിവയറിൽ വേദന ഉണ്ടാക്കുകയും അതിനു ഗർഭപാത്രം നീക്കം ചെയ്യേണ്ടിയും  വന്നേക്കാം.

എൻഡോമെട്രിയോസിസ്: ഈ രോഗമുള്ളവരുടെ ഗർഭപാത്രത്തിനു പുറത്തായി രക്തക്കട്ട പോലെ ചില ആവരണങ്ങൾ ഉണ്ടായേക്കാം.  ഇവ വയറുവേദനക്കു കാരണമായേക്കാം.  കുറെ കാലം ഇവ വളർന്നാൽ, ചിലവർക്കു കുടലുകളും മൂത്രാശയവും ഒക്കെ ഗര്ഭപാത്രത്തിനോട് ഒട്ടി നില്ക്കാൻ അത് കാരണമാകും .  രോഗിക്ക് അതെല്ലാം അതികഠിനമായ വേദനക്ക് വഴിയൊരുക്കിയേക്കാം.

പ്രസവങ്ങളൊക്കെ കഴിഞ്ഞു പ്രത്യുല്പാദനശേഷി ഇനി ആവശ്യമില്ലാത്ത സ്ത്രീകൾക്ക്  ഈ രോഗം ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നേക്കും.

 1. ഗര്ഭപാത്രത്തിനടുത്തുള്ള അണുബാധ

ചിലർക്ക് ഗര്ഭാശയത്തിലോ അതിനടുത്തോ ഒരുപാട് കാലമായി മരുന്ന് കൊണ്ട് ഭേദമാക്കാൻ പറ്റാത്ത അണുബാധ ഉണ്ടായാൽ,  അത് സഹിക്കാൻ പറ്റാത്ത വയറു വേദന ഉണ്ടാക്യേക്കാം.  വേദനക്ക് ശമനം കിട്ടാൻ വളരെ ദുര്ലഭം സന്ദർഭങ്ങളിൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നേക്കാം.

 1. ഗർഭപാത്രം ഇറങ്ങി വരിക: പ്രായമായ സ്ത്രീകളിൽ പലപ്പോഴും ഗർഭപാത്രം ഇറങ്ങി വരുന്നത് കാണാം. ഇത് ശല്യമായിത്തുടങ്ങിയാൽ, ഗർഭപാത്രം നീക്കം ചെയ്യൽ പരിഹാരമാര്ഗങ്ങളിൽ ഒന്നാണ്.
 2. കാൻസർ: ഗർഭപാത്രത്തിൽ, ഓവറിയിൽ, ഗര്ഭാശയമുഖത്തിൽ, എൻഡോമെട്രിയത്തിൽ ഒക്കെ കാൻസർ വന്നേക്കാം. ഈ അവസരങ്ങളിൽ ഗര്ഭാശയവും അണ്ടാശയവും പലപ്പോഴും വേറെ പല അവയവങ്ങളും നീക്കം ചെയ്യേണ്ടി വരും.

 

Questions and Answers compiled by:

Dr.Shobhana Mohandas. MD.DGO.FICOG.

Consultant Gynaecologist,Sun Medical centre, Thrissur, Kerala.